This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോണിക് ഡിസീസസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രോണിക് ഡിസീസസ്

വളരെ സാവധാനം പ്രത്യക്ഷപ്പെട്ട് ചെറിയ ചെറിയ മാറ്റങ്ങളിലൂടെ ഏറെക്കാലം നിലനില്‍ക്കുന്ന രോഗങ്ങള്‍. അലോപ്പതിയില്‍ രോഗങ്ങളെ പൊതുവേ അക്യൂട്ട് (acute), ക്രോണിക് (Chronic), മലിഗ്നന്റ് (malignant) അഥവാ ബിനൈന്‍ (benign) എന്നു മൂന്നായി തിരിച്ചിരിക്കുന്നു. പെട്ടെന്നുണ്ടാവുകയും ചികിത്സകൊണ്ടു വളരെ താമസം കൂടാതെ മാറിക്കിട്ടുകയും ചെയ്യുന്ന തരത്തിലുള്ളവയാണ് അക്യൂട്ട് രോഗങ്ങള്‍. ഉദാ. അപ്പെന്‍ഡിസൈറ്റിസ്. കലകളില്‍ (tissues) പ്രത്യക്ഷപ്പെടുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്ന ട്യൂമറുകള്‍ (ഉദാ. കാന്‍സര്‍) മലിഗ്നന്റ് വിഭാഗത്തില്‍പ്പെടുന്നു. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ഈ രോഗം മാരകമാണ്. വളരെക്കാലം നിലനില്‍ക്കുന്നതാണ് ക്രോണിക് രോഗങ്ങള്‍. പ്രമേഹം, അലര്‍ജി, സന്ധിവീക്കം, കുഷ്ഠം, ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. ഏതു പ്രായത്തിലും ഇത്തരം രോഗങ്ങള്‍ പ്രത്യക്ഷപ്പെടാം. ദീര്‍ഘകാലത്തെ ചികിത്സകൊണ്ട് മിക്ക ക്രോണിക് രോഗങ്ങളും ഭേദമാക്കാം. എന്നാല്‍ പ്രമേഹം, ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ശാശ്വതമായ പരിഹാരം ഇനിയും കണ്ടെത്തിയിട്ടില്ല. ഏതോ ചില കാരണങ്ങളാല്‍ ശരീരകോശങ്ങളുടെ പ്രവര്‍ത്തനത്തില്‍ വ്യത്യാസം അനുഭവപ്പെടുന്നതിനാലാണ് രോഗചികിത്സ ഇവിടെ പരിപൂര്‍ണമായി ഫലിക്കാതെ വരുന്നത്. തന്മൂലം ഇത്തരം രോഗികള്‍ക്ക് ജീവിതകാലം മുഴുവന്‍ ചികിത്സയും ചിലപ്പോള്‍ ചിട്ടപ്പെടുത്തിയ ജീവിതചര്യകളും അനുഷ്ഠിക്കേണ്ടതായി വരും. ക്രോണിക് രോഗമെന്നാല്‍ മാരകമായ രോഗം എന്നര്‍ഥമില്ല. അക്യൂട്ട് രോഗവിഭാഗത്തില്‍പ്പെടുന്ന കോളറ, വയറിളക്കം തുടങ്ങിയവ പലപ്പോഴും മാരകമാകുന്നുണ്ട്. ഒരു അക്യൂട്ട് രോഗത്തെക്കാള്‍ ഗൌരവം കൂടിയതോ കുറഞ്ഞതോ ആവണമെന്നില്ല ക്രോണിക് രോഗങ്ങള്‍. രോഗിക്ക് ദീര്‍ഘകാലത്തെ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നതാണ് ഇത്തരം രോഗങ്ങളുടെ പ്രത്യേകത. ഭാഗികമായ സ്വസ്ഥത മാത്രം നല്കുന്നതും ദീര്‍ഘകാലചികിത്സ ആവശ്യമായതുമായ ക്രോണിക് രോഗികളുടെ ക്ഷേമത്തിനും സഹായത്തിനുമായി ചില രാജ്യങ്ങളില്‍ നിയമങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്.

(ഡോ. ബി. പ്രഭ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍